Saturday 18 July 2015

സ്വതന്ത്രം, സ്വയം, സൗഹൃദം




സ്വതന്ത്ര പ്രസാധനം ഒരു സ്വയം പ്രസാധനമാണ്. ആധുനിക വിവരസാങ്കേതികത ഉപയോഗപ്പെടുത്തി സെല്‍ഫ് പബ്ലിഷിങ് ആരംഭിച്ചിട്ട് ഒരു  ദശകത്തോളമായിരിക്കുന്നു. വന്‍കിട പ്രസാധകര്‍ക്ക് അത് വലിയൊരു വെല്ലുവിളിയായിത്തീര്‍ന്നിട്ടില്ലെങ്കിലും ചിലകാര്യങ്ങള്‍ ഇതിനകം അത് സാധിച്ചെടുത്തിട്ടുണ്ട്.
ഒന്ന്ഇ-ബുക്കുകളുടെ കാലത്ത് കടലാസ്സുപുസ്തകങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. വായനക്കാരന് സ്വന്തം എന്നുപറയാന്‍ ഇപ്പോഴും കടലാസ്സിലടിച്ച പുസ്തകം തന്നെ വേണം.

രണ്ട്അംഗീകൃത പ്രസാധകര്‍ അച്ചടിച്ചു വിതരണം ചെയ്തില്ലെങ്കില്‍ എഴുത്തുകാര്‍ നിസ്സഹായരായിപ്പോകും എന്നൊരവസ്ഥ പത്തുകൊല്ലംമുമ്പ് നിലനിന്നിരുന്നു. ഇന്നതില്ല.
മൂന്ന്ആയിരമോ രണ്ടായിരമോ അച്ചടിച്ച് വര്‍ഷങ്ങളെടുത്ത് വായനക്കാരിലെത്തുന്ന പതിവുരീതികള്‍ തകിടം മറിഞ്ഞിരിക്കുന്നു. ഒരു കോപ്പിപോലും അച്ചടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇ-ബുക്കായി ആയിരക്കണക്കിന് വായനക്കാരിലേക്ക് സോഷ്യല്‍മീഡിയ മുഖേന പുസ്തകമെത്തിക്കാം. വായിച്ച് ഇഷ്ടപ്പെട്ടാല്‍ അച്ചടിച്ച പുസ്തകം വാങ്ങിക്കണം എന്ന് സൗഹൃദപൂര്‍വ്വം എഴുത്തുകാരന് ആവശ്യപ്പെടാം. അഞ്ചു കോപ്പിയാണെങ്കില്‍പോലും ഓഫ്‌സെറ്റിനു സമാനമായി അച്ചടിക്കാനുള്ള പ്രിന്റ് ഓണ്‍ ഡിമാന്റ് (POD) സാങ്കേതികത ഇന്ന് കയ്യെത്തും ദൂരത്തുണ്ട്.
നാല്ഏറ്റവും പ്രധാനം, അഞ്ചുനൂറ്റാണ്ടായി തുടര്‍ന്നുപോരുന്ന പകര്‍പ്പവകാശത്തെ സ്വതന്ത്ര പ്രസാധനം ചോദ്യംചെയ്തിരിക്കുന്നു. മനുഷ്യന്റെ അറിവ് അടച്ചുവെക്കാനുള്ളതല്ലെന്നും, പകര്‍ത്തുന്നതും കൈമാറുന്നതും വായനക്കാരുടെ അവകാശമാണെന്നും സ്വതന്ത്ര പ്രസാധനം പ്രഖ്യാപിക്കുന്നു. പകര്‍പ്പിഷ്ടംഅങ്ങനെ പുതിയൊരു പകര്‍പ്പവകാശമായിത്തീരുന്നു.
സോമശേഖരനെപ്പോലെ അറിയപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാര്‍ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവിശ്വസനീയമാണ്. അവരുടെ ഗ്രന്ഥങ്ങളെല്ലാം അംഗീകൃത പ്രസാധകര്‍ അച്ചടിക്കുന്നുണ്ട്. വിപുലമായ മാര്‍ക്കറ്റിങ് സംവിധാനങ്ങളുപയോഗിച്ച്  സമര്‍ത്ഥമായി വില്‍ക്കപ്പെടുന്നുണ്ട്. മലയാളത്തില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു. ആളുകള്‍ പണം കൊടുത്തവ വാങ്ങുന്നുമുണ്ട്. പുസ്തകപ്രസാധനം എന്തുകൊണ്ടും ശോഭനമായ ഒരു വ്യവസായമാണിന്ന്. പണ്ടത്തെപ്പോലെ നഷ്ടംവന്ന് പൂട്ടിപ്പോകുന്ന പ്രസാധകര്‍ ഇന്നില്ല. പുതിയ പ്രസാധകര്‍ നാള്‍ക്കുനാള്‍ രംഗത്തെത്തുന്നു.
എഴുത്തുകാര്‍ പക്ഷെ  പണ്ടത്തേക്കാള്‍ കഷ്ടത്തിലാണിന്ന്. വര്‍ഷാവസാനം പ്രസാധകരില്‍നിന്നും എന്തെങ്കിലും കിട്ടിയാലായി. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ കണക്കുകള്‍ ഒപ്പം കേള്‍ക്കുകയുംവേണം. താനറിയാതെ കൂടുതല്‍ കോപ്പികള്‍ അടിക്കുന്നതിനെക്കുറിച്ചുള്ള എഴുത്തുകാരന്റെ സംശയങ്ങള്‍ അതോടെ ആവിയായിപ്പോകുന്നു.
എത്രയോ കൊല്ലത്തെ അനുഭവങ്ങളും ചിന്തകളും  ഉല്പാദിപ്പിച്ചെടുക്കുന്ന കൃതികള്‍ ഇത്തരത്തില്‍ പറ്റിക്കപ്പെടാന്‍ പാടില്ല. അടുത്തൊരു പുസ്തകത്തിന്റെ പണിചെയ്യാനുള്ള കൂലിയെങ്കിലും എഴുത്തുകാര്‍ക്കു കിട്ടിയേ പറ്റൂ. മലയാളത്തില്‍ പുസ്തകം ടൈപ്പ്സെറ്റ് ചെയ്യാനും അച്ചടിക്കാനുമുള്ള മികച്ച സാങ്കേതികത അംഗീകൃത പ്രസാധകരേക്കാള്‍ ഇന്ന് വ്യക്തിപരമായി എഴുത്തുകാര്‍ക്ക് പ്രാപ്യമാണ്. നൂറോഇരുനൂറോ പ്രതികള്‍ അച്ചടിച്ച് സുഹൃത്തുക്കള്‍ക്കു കൊടുത്ത്  വക്കുംതുമ്പും പൊടിയാതെ യഥാര്‍ത്ഥവില ചോദിച്ചുവാങ്ങാനുള്ള മനസ്സ് എഴുത്തുകാരനുണ്ടാവണം. സുഹൃത്തുക്കള്‍ സൗജന്യവായനയുടെ ശീലം ഉപേക്ഷിക്കാനിടയായാല്‍, പ്രസാധകര്‍ രണ്ടുകൊല്ലംകൊണ്ട് കൊടുക്കുന്ന റോയല്‍റ്റിയേക്കാള്‍ എത്രയോമടങ്ങ് രണ്ടാഴ്ചകൊണ്ട് കിട്ടുന്ന ഒരവസ്ഥ മലയാളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവും. സുഹൃത്തുക്കളോടെങ്ങനെ കാശു ചോദിക്കും എന്ന എഴുത്തുകാരന്റെ സങ്കടം  പുസ്തകം വില്‍ക്കുന്ന പ്രസാധകര്‍ക്കില്ലെന്ന കാര്യം എഴുത്തകാരന്‍ ഓര്‍മ്മിച്ചേ മതിയാകൂ.
ഇരുന്നൂറുവായനക്കാരിലായിമാത്രം സ്വന്തം ചിന്തയും എഴുത്തും ഒതുങ്ങിപ്പോകുമെന്ന  എഴുത്തുകാരുടെ ആശങ്കകളും അസ്ഥാനത്താണ്. ഒരാഴ്ചക്കകം ഇ-ഗ്രന്ഥം ഇരുപതിനായിരത്തിലധികം മലയാളികളിലേക്കെത്തിക്കാന്‍ നെറ്റിലൂടെ ഇന്നു കഴിയും. അഞ്ചുശതമാനമെങ്കിലും അതു വായിക്കാനിടയായാല്‍ ആയിരം പേരായി. ഒരു ശതമാനമെങ്കിലും പുസ്തകം ആവശ്യപ്പെട്ടാല്‍ ഇരുനൂറുപേരായി. അഥവാ, പത്തുപേരേ ആവശ്യപ്പെടുന്നുള്ളുവെങ്കിലും രണ്ടുദിവസത്തിനകം അതച്ചടിച്ചുകൊടുക്കാനുള്ള പ്രസ്സും സാങ്കേതികതയും അരികത്തുണ്ട്. ഈ സാദ്ധ്യത പരീക്ഷിച്ചുനോക്കുകയെന്നത് മലയാളത്തിലെ എഴുത്തിനുവേണ്ടിയുള്ള ഒരു പ്രതിരോധപ്രവര്‍ത്തനമായി ഞങ്ങള്‍ കണക്കാക്കുന്നു.
മലയാളികളുടെ സര്‍ഗ്ഗാത്മകതയെ തുറന്ന ഒരിടത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സ്വതന്ത്ര പ്രസാധനം. സൗഹൃദങ്ങളുടെ തിരിച്ചുപിടിക്കലാണത്. സൃഷ്ടികര്‍ത്താവിന് പ്രസാധകന്റെ ഔദാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള  വഴിയൊരുക്കലാണ്. പകര്‍പ്പിഷ്ടത്തിനായുള്ള വായനക്കാരുടെ  അവകാശ പ്രഖ്യാപനമാണ്.
സ്വതന്ത്ര പ്രസാധനത്തിനുവേണ്ടി
അശോക്‍കുമാര്‍ പി.കെ., ഹുസൈന്‍ കെ.എച്ച്.

20 comments:

  1. ഇത് വളരണം. വളർത്തണം. വായനയിലെ ജനകീയപ്രസ്ഥാനമാകണം.

    ReplyDelete
    Replies
    1. നന്ദി, സുരേഷ്. സോമശേഖരന്റെ പുസ്തകം പ്രതീക്ഷിച്ച രീതിയില്‍ സുഹൃത്തുക്കള്‍ ഏറ്റെടുത്തിരിക്കുന്നു അധികം വൈകാതെ മറ്റൊരു പതിപ്പ് ഇറക്കോണ്ടി വരും. അതോടൊപ്പം നെറ്റ് ഡിസ്ട്രിബ്യൂഷനും ആരംഭിക്കണം.

      Delete
    2. സുരേഷേട്ടാ, അടുത്ത മീറ്റിങ്ങില്‍ ഇതും കൂടെ ചര്‍ച്ച ചെയ്യാം.

      Delete
  2. Sangathy nalla karyamanu, pakshe orupadu samsayangal bakki,athodoppam thanne vankita prasadhakar ethire enthellam cheyyumennumariyam

    ReplyDelete
    Replies
    1. വന്‍കിടക്കാര്‍ പ്രതിഷേധിക്കില്ല. അവര്‍ പ്രതിക്കൂട്ടിലാകും. അവര്‍ പക്ഷേ നന്നാകാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ആയിരം പറഞ്ഞ് അയ്യായിരം അടിക്കുന്നത് നിറുത്തും. കൃത്യമായി റോയല്‍റ്റി കൊടുത്തില്ലെങ്കില്‍ എഴുത്തുകാര്‍ വേറെ വഴിനോക്കും എന്നോര്‍ത്ത് അവര്‍ കിടുങ്ങും . പ്രസാധകര്‍ സത്യസന്ധരായിത്തീര്‍ന്നാല്‍ പല എഴുത്തുകാരും അവരിലേക്ക് മടങ്ങും. അപ്പോഴും സ്വതന്ത്ര പ്രസാധനം നിലനില്‍ക്കും, വളരും. എന്റെ ചിന്തകള്‍, എന്റെ സര്‍ഗ്ഗാത്മകതകള്‍ എന്റേതു മാത്രമല്ലെന്നും അത് മറ്റുള്ളവര്‍ക്കുകൂടിയുള്ളതാണെന്നും വിശ്വസിക്കുന്നവര്‍ ഉള്ളിടത്തോളം കാലം.

      Delete
  3. സന്തോഷം നല്കുന്ന ആശയം..... എന്‍റെ പുസ്തകങ്ങളില്‍ ചിലതെങ്കിലും ഇങ്ങനെ വന്നാല്‍ കൊള്ളാമെന്നുണ്ട്. വിശദവിവരങ്ങള്‍ക്കായി നേരിട്ടു വിളിക്കാം... സ്നേഹം

    ReplyDelete
    Replies
    1. ഹിമാലയത്തിന്റെ മാതൃഭൂമി പ്രകാശനം വൈകിയാണറിഞ്ഞത്. കൃത്യമായി അവര്‍ റോയല്‍റ്റി തരുമെന്ന് ഉറപ്പാക്കണം. പതിപ്പുകള്‍ ഇറക്കുന്നത് സത്യസന്ധമായി അറിയിക്കണമെന്നും. ഇല്ലെങ്കില്‍ സ്വതന്ത്ര പ്രസാധനം പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തണം.
      Next time you come with Geetha. Soon! I'm doing some important development of Romanisation of Malayalam, ie transliteration using diacritical marks. It will be immensely helpful to her present work. I can send her what I'm developing, but a lot of doubts will remain, which will be completely explained and taught in a sitting. LOVE.

      Delete
  4. തീര്ച്ചയായും സ്വതന്ത്ര പ്രസാദനം ഒരു സാമൂഹ്യ പ്രസ്ഥാനം ആയി തീരണം. അതിന്റെ ആരംഭം ആയി തീരട്ടെ ഇത്. പ്രതിരോദങ്ങൽ എത്ര ദുർഭലമെന്നാണ് അനുഭവങ്ങൾ നമ്മെ പഠിപ്പികുനത്. എത്ര ലാഘവത്തിൽ ആണ് മോഡിയുടെ രഥം ഇന്ത്യയുടെ മാറിലൂടെ കടന്ന് പോകുന്നത്. പ്രതിരോധത്തിന്റെ ആശയങ്ങൾ എളുപ്പത്തിൽ ജനങ്ങളിൽ എത്തട്ടെ! മാനവികത നിലനില്കട്ടെ! സമൂഹത്തിൽ എന്താണ് നടകുന്നത് എന്ന് നമ്മൾ ഒന്നിച് തിരിച്ചറിയട്ടെ!

    ReplyDelete
  5. wishing all the best for your future endeavours

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. നന്ദി, അമീല.

    നാളെ, വടകരയില്‍ 2015 ജൂലൈ 23 വ്യാഴം വൈകുന്നേരം 5ന് സോമശേഖരന്‍ സംഘടിപ്പിക്കുന്ന സുഹൃദ്സദസ്സിനു മുമ്പാകെ സ്വതന്ത്ര പ്രസാധനത്തിന്റെ ആശയങ്ങളും സാങ്കേതികതകളും വിശദീകരിക്കുന്നു. അശോകനും ഞാനും ഉണ്ടായിരിക്കും. പറയാനുദ്ദേശിക്കുന്ന വിഷയങ്ങള്‍: രചന അക്ഷരവേദി, മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, യൂണികോഡ് ഭാഷാസാങ്കേതികത, മലയാളം ടൈപ്‌സെറ്റിംഗ്/ഡിറ്റിപി, Creative Common Attribution, Print On Demand, സ്വതന്ത്ര സ്വയം പ്രസാധനവും സുഹൃത് മാര്‍ക്കറ്റിംഗും.......

    ReplyDelete
  8. ചിലത് പറയട്ടെ.
    എഴുത്തുകാരൻ സ്വന്തമായി ടൈപ്പ്സെറ്റ് ചെയ്തു കൊടുക്കുന്നു, അല്ലെങ്കിൽ ഒരു പ്രസ്സിൽ പ്രിന്റ് ചെയ്ത് പുസ്തകം പുറത്തിറക്കുന്നു എന്നു കരുതുക. മാർക്കറ്റിംഗ്, വിതരണം എന്നിവയാണ്‌ ഏറ്റവും വലിയ പ്രശ്നം.
    അറിയപ്പെടുന്ന എഴുത്തുകാർക്ക് കൂടി റോയൽറ്റി ശരിയാംവണ്ണം കിട്ടുന്നില്ല എന്നാണറിവ്.
    പുതിയ എഴുത്തുകാരുടെ രചനകൾ എങ്ങനെ മാർക്കറ്റിംഗ് ചെയ്യാം പറ്റും?
    സോഷ്യൽ മീഡിയ യിലെ സുഹൃത്തുകൾ വാങ്ങും എന്ന് പറയാൻ കഴിയില്ല. അങ്ങനെ ആണെങ്കിൽ പുതിയ എഴുത്തുകാർ (20000 ഫേസ്ബുക്ക് സുഹൃത്തുക്കൾ ഉള്ളവർ, 50+ ഗ്രൂപ്പിൽ മെംബർ ആയവർ) എന്നിവരുടെ പുസ്തകങ്ങൾ വിറ്റു പോകാൻ പ്രയാസമൊന്നും ഉണ്ടാവില്ലായിരുന്നു.

    വേണ്ടത് നല്ലൊരു വിതരണശ്രംഖലയാണ്‌.
    നല്ലൊരു പരസ്യവിഭാഗമാണ്‌.
    ഡിറ്റിപി, ടൈപ്പ്സെറ്റിംഗ്, പ്രിന്റിംഗ് - ഇതൊന്നും വലിയ ചിലവുള്ളതല്ല.

    ഇപ്പോഴത്തെ സ്ഥിതിയിൽ എഴുത്തുകാരൻ എഴുതിയാൽ മാത്രം പോര, പണവും ചിലവാക്കണം എന്നതായിരിക്കുന്നു.
    ചില ചിലവുകൾ ഒഴിവാക്കാൻ കഴിയുന്നതല്ല. കുറഞ്ഞത് പ്രിന്റിംഗ് ന്റെ എങ്കിലും എഴുത്തുകാരൻ വഹിക്കുക തന്നെ വേണം.

    ReplyDelete
    Replies
    1. സ്വതന്ത്ര പ്രസാധനത്തിന്റെ ആദ്യസംരംഭം ('മാര്‍ക്സ്, മാര്‍ക്സിസം, മൂലധനം') വലിയ വിജയമായിരുന്നു.
      സോമശേഖരന്റെ പുസ്തകം 200 കോപ്പി പ്രിന്റ് ചെയ്തു.

      Data Entry Rs, 2000/-
      Cover and Typesetting Rs. 5000/-
      Printing (186 pages, POD) Rs. 12550/-
      ആകെ ₹19,550

      എല്ലാ പുസ്തകങ്ങളും സുഹൃത്തുക്കള്‍ വാങ്ങി. രണ്ടാഴ്ചക്കകം എല്ലാ ചെലവും കഴിച്ച് സോമശേഖരന്
      ₹20,000 കിട്ടി. (ഒരു വര്‍ഷംകൊണ്ട് മലയാളത്തിലെ വലിയൊരു പ്രസാധകനില്‍നിന്നും
      അദ്ദേഹത്തിനു ലഭിച്ചത് 5000 രൂപയാണ് !)

      കേട്ടറിഞ്ഞ് അനവധി സുഹൃത്തുക്കള്‍ പുസ്തകം ചോദിക്കുന്നുണ്ട്. രണ്ടാംപതിപ്പ് അടിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. ഇത്തവണ ഓഫ്‌സെറ്റിലാണ്. 1000 കോപ്പി.

      സോമശേഖരന്‍ കൊടുക്കുന്ന അഡ്രസ്സിലേക്ക് പുസ്തകമെത്തിച്ചുകൊടുക്കുന്ന ജോലി ഏറ്റെടുക്കാന്‍ ഒരു സുഹൃത്ത് സന്നദ്ധനായിട്ടുണ്ട്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ പ്രയത്നത്തിന് കൂലി കണ്ടെത്തണം. പോസ്റ്റല്‍/കൊറിയര്‍ ചെലവ് വേറെ. എന്നാല്‍പോലും ഡിസി, കറന്റ് മുതലായവര്‍ ചോദിക്കുന്ന 40-50 ശതമാനത്തിന്റെ പകുതിപോലും വരില്ല !

      ഇ-ബുക്കിന്റെ വിതരണം തുടങ്ങിയിട്ടില്ല.

      പ്രസാധനത്തെ സ്വതന്ത്രമാക്കുന്നത് Creative Common ലൈസന്‍സാണ്. പ്രധാനപ്പെട്ട ആശയം സൗഹൃദമാണ്. ഇവ രണ്ടും പരമ്പരാഗത മാര്‍ക്കറ്റിംഗിനെ അപ്രസക്തമാക്കുന്നു. ആമസോണിന്റെ Kindle Direct Publishing പോലുള്ളവ മലയാളത്തില്‍ വേരോടാന്‍ കാലമെടുക്കും. സുഹൃത്തുക്കളിലൂടെ, സോഷ്യല്‍മീഡിയയിലൂടെ പരമ്പരാഗത ചാനലുകളേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു മാര്‍ക്കറ്റിംഗ് ചുരുങ്ങിയ സമയംകൊണ്ട് സാദ്ധ്യമാണോ എന്നാണ് പരീക്ഷിക്കുന്നത്.

      Delete
  9. ഈ സ്വതന്ത്ര പ്രസാധനത്തെ പറ്റി എനിയ്ക്ക് അറിയണം എന്നുണ്ട്. എന്റെ 16 കഥകൾ ഫുൾ ഡി ടി പി ചെയ്തിട്ടുണ്ട്. ഞാൻ 25 കോപി ബുക്ക്‌ ആയി ഇറക്കുകയും ചെയ്തു. പക്ഷെ കൂടുതൽ അച്ചടിയ്ക്കാൻ കഴിഞ്ഞില്ല.

    ReplyDelete
    Replies
    1. Dear PV

      Are the 25 copies made by photo copy or POD? Please contact Ashok Kumar 0 9747 110 880

      Delete
  10. This comment has been removed by the author.

    ReplyDelete
  11. Good attempt.... All the best

    ReplyDelete
  12. എല്ലാവിധ ആശംസകളും....

    ReplyDelete